ന്യൂഡൽഹി: ഉത്തരാഖണ്ഡിൽനിന്നുള്ള ജിം ഉടമയായ "മുഹമ്മദ് ദീപക്’ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ സന്ദർശിച്ചു.
ബജ്രംഗ്ദൾ പ്രവർത്തകരുടെ ആക്രമണത്തിൽനിന്ന് ഒരു മുസ്ലിം കടയുടമയെ സംരക്ഷിച്ച് അടുത്തിടെ വാർത്തകളിൽ നിറഞ്ഞ ദീപക് കുമാർ എന്ന "മുഹമ്മദ് ദീപക്’ കോണ്ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ 10, ജൻപഥിലുള്ള വസതിയിലെത്തിയാണ് രാഹുലിനെ കണ്ടത്. ദീപക്കിന് ഐക്യദാർഢ്യമറിയിച്ച രാഹുൽ ഉത്തരാഖണ്ഡിലെ കോട്ദ്വാറിലുള്ള ദീപകിന്റെ ജിം സന്ദർശിക്കുമെന്നും അംഗത്വമെടുക്കുമെന്നും അറിയിച്ചു.
കഴിഞ്ഞ മാസം 26ന് ബജ്രംഗ്ദൾ പ്രവർത്തകർ 70കാരനായ ഒരു മുസ്ലിം കടയുടമയെ ആക്രമിച്ചപ്പോൾ ദീപക് കുമാർ പ്രതിരോധിക്കുകയായിരുന്നു. തന്നെ സ്വയം "മുഹമ്മദ് ദീപക്’ എന്നു പരിചയപ്പെടുത്തിയ ദീപക് കുമാർ ആക്രമണത്തിൽനിന്നു വയോധികനെ രക്ഷിച്ചതിനുശേഷം തന്റെ ജിമ്മിലേക്ക് തീവ്ര ഹിന്ദുത്വ ശക്തികളുടെ ഇടപെടൽ മൂലം ആളുകൾ വരുന്നില്ലെന്നും പരാതിപ്പെട്ടിരുന്നു.
രാഹുൽ തന്നെ ക്ഷണിച്ചതുപ്രകാരമാണ് ഡൽഹിയിലേക്കെത്തിയതെന്നും കോട്ദ്വാറിലുള്ള ജിമ്മിലെത്തി അംഗത്വമെടുക്കുമെന്ന് രാഹുൽ അറിയിച്ചെന്നും കൂടിക്കാഴ്ചയ്ക്കുശേഷം ദീപക് മാധ്യമങ്ങളോട് പ്രതികരിച്ചു.
ദീപക്കുമായുള്ള ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത രാഹുൽ ഗാന്ധി "എല്ലാ മനുഷ്യരും തുല്യരാണ്. ഇതാണ് ഭാരതീയത, (ഇന്ത്യൻനെസ്), ഇതാണു സ്നേഹത്തിന്റെ കട (മൊഹബ്ബത്ത് കീ ദൂക്കാൻ).
ഉത്തരാഖണ്ഡിൽനിന്നുള്ള മുഹമ്മദ് ദീപക്കുമായി കൂടിക്കാഴ്ച നടത്തി. ഐക്യത്തിന്റെയും ധൈര്യത്തിന്റെയും ഈ ജ്വാല എല്ലാ ഇന്ത്യൻ യുവാക്കളിലും ജ്വലിക്കണം’ എന്ന് കുറിപ്പുമെഴുതി.